മദ്യപാനാസക്തിയും ഹോമിയോപ്പതി ചികിത്സയും

മദ്യപാനാസക്തിയും ഹോമിയോപ്പതി ചികിത്സയും

മദ്യപാനം ഒരു രോഗമായി ഇന്ന് പരക്കെ അംഗീകരിച്ചു കഴിഞ്ഞു. രോഗം ആണെങ്കില്‍ അതിനു പ്രതിവിധി എന്ത്? ടൈഫോയ്ഡോ, മഞ്ഞപ്പിത്തമോ, പ്രമേഹമോ ഒക്കെ വരുമ്പോള്‍ നാം എന്താണ് ചെയ്യാറ്? ചികിത്സിക്കും.

അപ്പോള്‍ അതിനെക്കാള്‍ വലിയ ഒരു രോഗമായ മദ്യപാന രോഗത്തെ ചികിത്സിക്കുകയല്ലേ വേണ്ടത്? അതിനു പകരം, ബോധവത്കരിക്കുകയോ, വഴക്ക് പറയുകയോ, ഉപദേശിക്കുകയോ ഒക്കെ ചെയ്താല്‍ എങ്ങിനെ രോഗം മാറും?

ടൈഫോയ്ഡോ, മഞ്ഞപ്പിത്തമോ, പ്രമേഹമോ ഒക്കെ ബോധവത്കരണത്തിലൂടെ തടയുവാന്‍ ആകുമായിരിക്കാം — അത് രോഗം വരുന്നതിനു മുന്‍പ്. എന്നാല്‍ രോഗം വന്നാല്‍ ആരെങ്കിലും ബോധവത്കരണമോ ഉപദേശമോ ആയി സമയം പാഴാക്കുമോ?

മദ്യപാനവും അതേ പോലെ തന്നെയാണ്. ബോധവത്കരണത്തിലൂടെ മദ്യത്തിലേക്കു പോകുന്നവരെ തടയുവാന്‍ ആകും, അതായത് മദ്യപാന രോഗം ഇല്ലാത്തവരെ മാത്രമേ തടയുവാന്‍ ആകൂ. ഒരിക്കല്‍ മദ്യപിച്ചു തുടങ്ങിയാല്‍ അതില്‍ നിന്നും മോചനം ലഭിക്കുക ചുരുക്കം ആളുകള്‍ക്കാണ്. അവര്‍ ഇച്ഛാശക്തിയുള്ളവര്‍ ആണ്. അവര്‍ക്ക് ചികിത്സ ആവശ്യമില്ല.

മദ്യാസക്തി ഉള്ളവര്‍ക്കും, മദ്യത്തിനു അടിമ ആയവര്‍ക്കും വേണ്ടത് ചികിത്സ തന്നെ ആണ്. ചികിത്സ എന്നത് ഡോക്ടറുടെ കടമയാണ്. എന്നാല്‍ ഒരാള്‍ക്ക് രോഗം വന്നു ചികിത്സിക്കുമ്പോള്‍ രോഗിയുടെ കുടുംബാംഗങ്ങള്‍ക്കും ചില കടമകള്‍ ഉണ്ട്. അവര്‍ കൂടിയും അത് നിറവേറ്റുമ്പോള്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ.


മദ്യപാന രോഗിയും സമൂഹത്തിന്റെ സമീപനവും

ദൗര്‍ഭാഗ്യവശാല്‍ ഒരു മദ്യപാന രോഗിക്കും, ഒരു രോഗിയുടെ പരിഗണന ലഭിക്കാറില്ല. അതിനു കാരണം, അതൊരു രോഗമായി സമൂഹവും വൈദ്യശാസ്ത്രവും അംഗീകരിച്ചാലും, കുടുംബത്തിലുള്ളവര്‍ അംഗീകരിക്കില്ല എന്നതാണ്.

അംഗീകാരം ലഭിക്കാതിരിക്കുക എന്നതാണ് മദ്യപാന രോഗിയുടെ ഏറ്റവും വലിയ വേദന. മദ്യപിക്കുമ്പോള്‍ “ഞാന്‍ ആരാണെന്ന് അറിയാമോടാ” എന്നൊക്കെ ആക്രോശിക്കുന്നത് അതിനാലാണ്. താന്‍ ആരാണെന്ന് മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല എന്നതാണ് അയാളുടെ പ്രശ്നം.

മദ്യപാനം കേവലം കയ്യിലിരുപ്പായും, അഹങ്കാരമായും, കൊള്ളരുതായ്മയായും മാത്രം കാണുവാനാണ് പൊതുസമൂഹം ശീലിച്ചിരിക്കുന്നത്. ഒരു കാന്‍സര്‍ രോഗിക്കോ, വാത രോഗിക്കോ നല്‍കുന്ന സ്വാന്ത്വനവും പരിഗണനയും മദ്യപാന രോഗികള്‍ക്കും നല്‍കേണ്ടതായുണ്ട്.

വഴക്ക് പറഞ്ഞാലോ, ഒറ്റപ്പെടുത്തുകയോ, ഉപേക്ഷിച്ചുപോകുകയോ ചെയ്താല്‍ ഈ രോഗം മാറുമെങ്കില്‍, അങ്ങനെ ചെയ്താല്‍ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും, ഹാര്‍ട്ട് അറ്റാക്കും ഒക്കെ മാറണ്ടേ?


കുടുംബ പിന്തുണയുടെ പ്രാധാന്യം

ഇരുപത്തി നാല് വര്‍ഷത്തെ ചികിത്സാനുഭവത്തില്‍ നിന്നും പറയാം — വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിക്കുന്ന ഒരു രോഗിയെയും ഒരു ഡോക്ടര്‍ക്കും പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ സാധിക്കില്ല.

രോഗം ഏല്‍പ്പിക്കുന്ന മുറിവുകളെക്കാള്‍ ഭയാനകമാണ് ഇഷ്ടജനങ്ങള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍. അതിന് മരുന്നില്ല.

അപ്പോള്‍ തിരിച്ചു ചോദിക്കാം — മദ്യപാനികള്‍ കുടുംബത്തിനും സമൂഹത്തിനും ഏല്‍പ്പിക്കുന്ന മുറിവുകളോ? പേ ബാധിച്ച ഒരു രോഗി വീട്ടില്‍ ഉണ്ടെന്ന് കരുതുക. അദ്ദേഹത്തെ ചികിത്സിച്ചു സുഖപ്പെടുത്തുവാന്‍ മരുന്നുണ്ട് എങ്കില്‍, അവര്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ സഹിക്കുവാന്‍ നിങ്ങള്‍ തയ്യാറാകില്ലേ?

അങ്ങനെ എങ്കില്‍, ഇവിടെ ചികിത്സിക്കാന്‍ മരുന്നുകള്‍ ഉള്ളപ്പോള്‍ എന്തുകൊണ്ട് ചികിത്സ നല്‍കി ആ മുറിവുകള്‍ മറക്കരുത്?


ഹോമിയോപ്പതി ചികിത്സ – പ്രായോഗിക സമീപനം

ഹോമിയോപ്പതി ചികിത്സയില്‍ എഴുപതു ശതമാനം പേര്‍ക്കും ഒരു മരുന്നാണ് നല്‍കുന്നത്. കാഞ്ഞിരത്തില്‍ നിന്നും പ്രത്യേക രീതിയില്‍ തയ്യാറാക്കിയ നക്സ് വോമിക്ക എന്ന മരുന്നിന്റെ ആയിരാമത് ആവര്‍ത്തിപ്പ്, രണ്ടു മാസം തുടര്‍ച്ചയായി നല്‍കുന്നു.

രാവിലെയും വൈകിട്ടും രോഗി അറിഞ്ഞോ അറിയാതെയോ മരുന്ന് നല്‍കാം. രോഗി അറിയാതെ മരുന്ന് നല്‍കുന്ന പക്ഷം അടുത്ത ബന്ധുവിന്റെ സമ്മതപത്രം ആവശ്യമാണ്.

നക്സ് വോമിക്കയ്ക്ക് രൂക്ഷഗന്ധമോ അരുചിയോ ഇല്ല. കുടിക്കുന്ന വെള്ളത്തിലൂടെയാണ് മരുന്ന് നല്‍കുന്നത്. ഈ മരുന്നിന് യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ല.

മദ്യപാന രോഗിക്ക് അല്പം മദ്യം ഉള്ളില്‍ ചെന്നാല്‍ മതിയായി എന്ന തോന്നലും, ഏറെ മദ്യപിച്ച ലഹരിയും തോന്നുകയും, അങ്ങനെ സാവകാശം അളവ് കുറച്ച് വിടുതല്‍ നേടുകയും ചെയ്യുന്നതാണ് സാധാരണയായി സംഭവിക്കുന്നത്.

ഒരു ഹോമിയോപ്പതി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്ന് കഴിക്കാവൂ. രണ്ടു മാസം മരുന്ന് നല്‍കിയിട്ടും ഫലം ലഭിക്കുന്നില്ലെങ്കില്‍, ഡോക്ടറെ വീണ്ടും കണ്ടു, മദ്യപാനത്തിലേക്ക് നയിച്ച മറ്റു ഘടകങ്ങള്‍ കൂടി കണക്കിലെടുത്ത് ചികിത്സ മാറ്റേണ്ടതാണ്.

വീട്ടില്‍ ആരെങ്കിലും മദ്യപിക്കുന്നുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഡോക്ടറോട് അറിയിക്കണം. അത്തരം രോഗികള്‍ക്ക് നല്‍കേണ്ട പ്രത്യേക മരുന്നുകള്‍ ലഭിക്കാന്‍ ഈ വിവരം അനിവാര്യമാണ്.


പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വം

പൊതു സമൂഹത്തിനും മദ്യപാന രോഗികളോട് കടപ്പാടുണ്ട്. അവര്‍ മദ്യത്തിന് വിലയായി നല്‍കുന്ന നൂറും ഇരുനൂറും ചിലപ്പോള്‍ മുന്നൂറും ശതമാനം നികുതിയാണ് പൊതു സമൂഹത്തെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്.

റോഡുകളും, പാലങ്ങളും, സബ്സിഡികളും ഉള്‍പ്പെടെ നൂറായിരം ആനുകൂല്യങ്ങള്‍ മദ്യപിക്കാത്തവര്‍ പോലും ഉപയോഗിക്കുന്നു. എന്നിട്ടും റോഡില്‍ വീണുകിടക്കുന്ന മദ്യപാന രോഗിയെ തിരിഞ്ഞുനോക്കാതെ പോകുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍, നന്ദികേടാണ്.

മദ്യപിക്കാത്തവര്‍ക്കാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വം, കാരണം അവര്‍ വാങ്ങുന്ന ഒരു സാധനത്തിനും നൂറോ ഇരുനൂറോ ശതമാനം നികുതി നല്‍കുന്നില്ല.

ഓരോ മദ്യപാനിയെയും രോഗിയായി കണ്ട് പരിചരിക്കുവാന്‍ സര്‍വ്വശക്തനായ ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.


ഡോ: എസ്. ജി. ബിജു MD (Hom)

(Former Secretary, Rotary Club of Changanacherry Dist. 3211)
പ്രോജക്റ്റ് ഓഫീസര്‍ – എ ഹാള്‍ട്ട് പ്രോജക്റ്റ്, ആത്മതാ കേന്ദ്രം, ചങ്ങനാശ്ശേരി
ചീഫ് മെഡിക്കല്‍ ഓഫീസര്‍,
ദി ഹോമിയോപതിക് മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍,
പാറക്കടവില്‍ ബില്‍ഡിംഗ്സ്, ഒന്നാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു എതിര്‍വശം,
വാഴൂര്‍ റോഡ്, ചങ്ങനാശ്ശേരി

📞 03812412233 | 9446948799 | 9447128799
🌐 www.drbijuonline.com
📧 hmshospital@gmail.com